തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബര്‍ ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 31 വരെ റോഡ് സുരക്ഷാ വര്‍ഷമായി ആചരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. അതോറിറ്റി ചെയര്മാൻ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്മാൻ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസും പങ്കെടുത്തു.
കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബൃഹത്തായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രോഗ്രാം കലണ്ടര്‍ പ്രസിദ്ധീകരിക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് നടക്കും. വടക്കൻ ജില്ലകളിലെ പ്രവര്‍ത്തനത്തിന്റെ ക്രോഡീകരണത്തിനായി കോഴിക്കോട് പരിപാടി സംഘടിപ്പിക്കും. ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത വിഷയം ചര്‍ച്ച ചെയ്തു.
മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാൻ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് നിര്‍ദേശം നല്‍കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും അലക്ഷ്യമായി വലിച്ചിട്ടുള്ള കേബിളുകള്‍, സുരക്ഷാ ഭീഷണിയുള്ള ഫുട്പാത്തുകള്‍, സുരക്ഷാ വേലികള്‍ ഇല്ലാത്ത ട്രാൻസ്ഫോര്‍മറുകള്‍, അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഗതാഗത യോഗ്യമാക്കി പുനഃസ്ഥാപിക്കാത്ത റോഡുകള്‍ തുടങ്ങി അപകടങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കുവാൻ റോഡ് സുരക്ഷാ കമ്മീഷണര്‍ നല്കിയ കര്‍ശന നിര്‍ദേശം പാലിക്കാത്ത ഏജൻസികള്‍ക്കെതിരെ കേരള റോഡ് സുരക്ഷാ അതോറിറ്റി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
ഇത് സംബന്ധിച്ച് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിനും എൻഫോഴ്സ്മെന്റ് ആര്.ടി.ഒമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കും. റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്. ശ്രീജിത്ത്, ട്രാഫിക് പോലീസ്, ഐ.എം.എ., വിവിധ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.