തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് ദേശീയ പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഒക്ടോബര്‍ 30 വരെ കമ്മീഷൻ സെക്രട്ടറിക്ക് രേഖാമുലം സമര്‍പ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാൻ അറിയിച്ചു.
കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതിയതായി ചിഹ്നം ആവശ്യമെങ്കില്‍ ഒക്ടോബര്‍ 30 നകം അപേക്ഷിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് അപേക്ഷിക്കാൻ യോഗ്യത. മറ്റ് സംസ്ഥാനങ്ങളിലെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ അംഗീകൃത പാര്‍ട്ടികള്‍ക്കും, കേരള അസംബ്ലിയിലോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ് അത്തരത്തില്‍ അപേക്ഷിക്കാവുന്നത്.
ദേശീയ പാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടി (ചൂല്), ബഹുജൻ സമാജ് പാര്‍ട്ടി (ആന), ഭാരതീയ ജനതാ പാര്‍ട്ടി (താമര), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇൻഡ്യ (മാര്‍ക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇൻഡ്യൻ നാഷണല്‍ കോണ്‍ഗ്രസ് (കൈ), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ബുക്ക്) എന്നിവര്‍ക്കും കേരള സംസ്ഥാന പാര്‍ട്ടികളായ ജനതാദള്‍ (സെക്കുലര്‍) (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ), കേരള കോണ്‍ഗ്രസ് (എം) (രണ്ടില), ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (മണ്‍വെട്ടിയും മണ്‍കോരിയും), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇൻഡ്യ (ധാന്യക്കതിരും അരിവാളും) എന്നിവര്‍ക്കും ചിഹ്നങ്ങള്‍ ഇതിനകം അനുവദിച്ച് ഉത്തരവായിരുന്നു.