കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ് സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ് സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച്‌ രണ്ടുപേര്‍ മരിച്ചു
alternatetext

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ് സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച്‌ രണ്ടുപേര്‍ മരണപ്പെട്ടു. കതിരൂര്‍ ആറാം മൈല്‍ പള്ളിക്ക് സമീപം ഓട്ടോറിക്ഷക്ക് തീ പിടിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന തൂവക്കുന്ന് സ്വദേശികളായ അഭിലാഷ്, ഷെജീഷ് എന്നിവരാണ് മരിച്ചത്.

തലശേരി ഭാഗത്ത് നിന്ന് കൂത്തുപറമ്ബിലേക്ക് പോകുകയായിരുന്നു അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്റെ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയര്‍ന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്ബ് തന്നെ തീ ആളിപടര്‍ന്നു. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച ശേഷമാണ് യുവാക്കളെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുറത്തെടുത്ത മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.