ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ പൂജാരിക്ക്‌ 111 വര്‍ഷം കഠിനതടവ്‌.

ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ പൂജാരിക്ക്‌ 111 വര്‍ഷം കഠിനതടവ്‌.
alternatetext

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ പൂജാരിക്ക്‌ 111 വര്‍ഷം കഠിനതടവ്‌. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി വൈറ്റിലശേരി വീട്ടില്‍ രാജേഷി(40)നെയാണ്‌ ചേര്‍ത്തല അതിവേഗ സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്‌ജി കെ.എം. വാണി കഠിനതടവിന്‌ ശിക്ഷിച്ചത്‌. തടവിനു പുറമേ ആറു ലക്ഷം രൂപ പിഴയും അടയ്‌ക്കണം. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ.

2020 ഡിസംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ചേര്‍ത്തല തൈക്കാട്ടുശേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രതി. മണപ്പുറത്തിനു സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന രാജേഷിന്റെ അടുക്കല്‍ ശാന്തിപ്പണി പഠിക്കാന്‍ വന്ന കുട്ടിക്ക് നേരെ ശാന്തിമഠത്തില്‍ വച്ച്‌ രാത്രിയില്‍ പ്രതി ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. പിറ്റേ ദിവസം പുലര്‍ച്ചെ പൂജയുണ്ടെന്നും അതില്‍ സഹായിക്കണമെന്നും പറഞ്ഞ് പ്രതി കുട്ടിയുടെ അച്ഛനില്‍ നിന്ന് അനുവാദം വാങ്ങി കുട്ടിയെയും മറ്റൊരു ആറു വയസുകാരനെയും രാത്രിയില്‍ ശാന്തി മഠത്തില്‍ താമസിപ്പിച്ചു.

ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടി തന്നെ നഗ്‌നനാക്കിയതും തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നതും മനസിലാക്കിയത്. എതിര്‍ത്തപ്പോള്‍ ഇയാള്‍ കുട്ടിയുടെ നെഞ്ചത്ത് അടിക്കുകയും ചുണ്ടില്‍ കടിച്ച്‌ മുറിവേല്‍പ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ആറു വയസുകാരനെ മൂത്രമൊഴിപ്പിച്ച്‌ കിടത്താനായി ആ കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് കരഞ്ഞുകൊണ്ടിരിക്കുന്ന ബാലനെ കണ്ടത്. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. മുഴുവന്‍ സാക്ഷികളെയും വിസ്തരിച്ചു. ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോള്‍ പ്രതി നഗ്‌നനായി നില്‍ക്കുന്നത് കണ്ട ആറു വയസുകാരന്റെ മൊഴിയാണ് കേസില്‍ നിര്‍ണായക തെളിവായത്.

പോക്‌സോ കേസുകളില്‍ 111 വര്‍ഷം കഠിനതടവ്‌ ശിക്ഷ വിധിക്കുന്നത്‌ അപൂര്‍വമാണ്‌. പോലീസ്‌ കുറ്റപത്രത്തില്‍ പറഞ്ഞിരുന്ന മുഴുവന്‍ വകുപ്പുകളിലും പ്രതിയെ ശിക്ഷിച്ചു. പോക്‌സോ വകുപ്പിനു പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ്‌ പ്രകാരം 10 വര്‍ഷത്തെ തടവുകൂടി പ്രതിക്ക്‌ വിധിച്ചിട്ടുണ്ട്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ടി. ബീന ഹാജരായി