ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ദീപാങ്കര്‍ ദത്ത, ജസ്റ്റീസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. 2017ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്‌എന്‍സി ലാവലിന്‍ കമ്ബനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ 2017ല്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഈ വിധിക്കെതിരായി സിബിഐ നല്‍കിയ ഹര്‍ജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോര്‍ഡ് മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവ് ആവശ്യപ്പെടുന്ന ഹര്‍ജികളുമാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.