തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ കൈക്കൂലി കേസില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യല്‍. പരാതിക്കാരൻ ഹരിദാസനും മുൻ എഐ എസ്‌എഫ് നേതാവ് കെ പി ബാസിതും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, നേരത്തെ ആവശ്യപ്പെട്ടിരുന്ന ദിവസങ്ങളില്‍ ഒന്നും ഇരുവരും ഹാജരാകാത്തതിനാല്‍ ഇന്നും ചോദ്യം ചെയ്യല്‍ എത്തുമോ എന്നതില്‍ അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് ഒരു ലക്ഷം രൂപ കോഴ കൊടുത്തുവെന്ന ഹരിദാസിന്റെ ആരോപണത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ പൊരുത്തക്കേടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലില്‍ നിന്ന് ഓടി ഒളിക്കുകയും ചെയ്തത്.
ഹരിദാസിന്റെ സുഹൃത്താണെങ്കിലും ബാസിദിനും തട്ടിപ്പില്‍ പങ്കുണ്ട് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴികള്‍. ഇതുമൂലം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ ബാസിതും എത്തിയിരുന്നില്ല. ചെങ്കണ്ണായതിനാല്‍ തിങ്കളാഴ്ച എത്താമെന്നാണ് ബാസിത് അന്ന് പറഞ്ഞിരുന്നത്. ഇരുവരെയും ചോദ്യം ചെയ്താല്‍ തട്ടിപ്പിന്റെ പൂര്‍ണ്ണവിവരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.