ഇസ്രയേല്‍ യുദ്ധഭൂമിയില്‍ 18,000 ഇന്ത്യൻ പൗരന്മാര് കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. യുദ്ധം നടക്കുന്ന പ്രധാന നഗരങ്ങളിലും ഹൈവേകളിലുമായാണ് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടി ജീവനക്കാര്‍, പ്രായമായവരെ പരിചരിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.
ഇസ്രയേലിലെ വിവിധ ഏജൻസികള്‍ ഒട്ടേറെ ഇന്ത്യക്കാരെ ഹോം നഴ്സിംഗ് അടക്കമുള്ള ജോലിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇവരാണ് കുടുങ്ങിക്കിടക്കുന്നവരില്‍ കൂടുതല്‍ പേരും. 85,000 ഓളം ഇന്ത്യൻ വംശജരായ ജൂത വിഭാഗത്തില്‍പ്പെടുന്നവര്‍ ഇസ്രയേലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ജറുസലേമിലെ ഇന്ത്യൻ എംബസി പൗരന്മാര്ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ യുദ്ധത്തില്‍ നേപ്പാള്‍ പൗരന്മാര്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം 11ഓളം പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അതേസമയം, ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖാസം ബ്രിഗേഡും പാലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന പാരാമിലിട്ടറി സേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. ഇസ്രയേല്‍ പ്രതിരോധ സേനയുടെ ( ഐ.ഡി.എഫ് ) ജനറല്‍ നിംറോദ് ഇലോണിയെ ഹമാസ് പിടികൂടി. ഇസയേലിന്റെ അതിര്‍ത്തി ചുമതലയുള്ള പ്രാദേശിക കൗണ്‍സില്‍ മേധാവി ഓഫീര്‍ ലീബ്സ്റ്റീനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പതിനഞ്ചിലേറെ കേന്ദ്രങ്ങളില്‍ ഇരുസേനകളും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ആയിരക്കണക്കിന് റിസര്‍വ് ഭടന്മാരെ വിന്യസിച്ചു. ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ പോര്‍വിമാനങ്ങള്‍ ആക്രമിച്ചു. കരസേനയും പാരാഗ്ലൈഡര്‍ ട്രൂപ്പും നാവിക സേനയും ആക്രമണത്തിനുണ്ട്. സെൻട്രല്‍ ഗാസയിലും ഗാസ സിറ്റിയിലും സ്ഫോടനങ്ങളുണ്ടായി.