വര്‍ക്കല: തിരുവനന്തപുരം ചെമ്മരുതി പനയറ തൃപ്പോരിട്ടകാവ് ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മോഷണം നടന്നത്. രാവിലെ ക്ഷേത്രഭാരവാഹികളാണ് മോഷണവിവരം അയിരൂര്‍ പോലീസിനെ അറിയിച്ചത്. ക്ഷേത്രത്തിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ് നാലമ്ബലത്തിനുള്ളില്‍ പ്രവേശിച്ചത്.
കമ്ബിപ്പാര, വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മോഷ്ടാവ് ഉള്ളില്‍ പ്രവേശിക്കുന്നതും മോഷണം നടത്തുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയും വേറെ അഞ്ച് കാണിക്കവഞ്ചികളില്‍ നാലെണ്ണം വെട്ടിപ്പൊളിക്കുകയും ചെയ്തു. പണം ഇല്ലാതിരുന്ന മൂന്ന് കാണിക്കവഞ്ചികള്‍ എടുത്തെറിയുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിലെ കുത്തുവിളക്കില്‍ തിരിയിട്ട് തെളിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ പോലീസിനോട് പറഞ്ഞു.
പുരാതനമായ ക്ഷേത്രത്തില്‍ ചൊവ്വ, വെള്ളി ദിനങ്ങളില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭാരവാഹികള്‍ കാണിക്കവഞ്ചി തുറന്ന് പണം മാറ്റിയത്. ആഴ്ചയില്‍ പതിനായിരത്തിലധികം രൂപ കാണിക്കവഞ്ചിയില്‍നിന്ന് ലഭിക്കാറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തും