കോട്ടയം: രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി ചേര്‍ന്ന് ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള കോഴ്സുകളില്‍ യുവതയ്ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ പാമ്ബാടിയില്‍ നിര്‍മിച്ച അസാപ് (അഡീഷണല്‍ സ്കില്‍ അക്വിസിഷൻ പ്രോഗ്രാം) കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ഒക്ടോബര്‍ 10ന് നാടിനു സമര്‍പ്പിക്കും.
ഉച്ചയ്ക്ക് 12ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. അഡ്വ. ചാണ്ടി ഉമ്മൻ എം.എല്‍.എ., ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 14.68 കോടി രൂപ ചെലവിലാണ് പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയത്. 28,193.13 ചതുരശ്രയടി വിസ്തീര്‍ണമുള്ള മൂന്നുനില മന്ദിരം അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക ഓഗ്മെന്റ്, വെര്‍ച്വല്‍ റിയാലിറ്റി (എ.ആര്./വി.ആര്.) സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി നൂതനമായ പരിശീലന പരിപാടികള്‍ക്കുള്ള സംവിധാനം സ്കില്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
ത്രിമാനരൂപത്തില്‍ അനുഭവവേദ്യമായ പഠനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യകളാണ് പരിശീലനത്തിന് ഉപയോഗിക്കുക. അത്യാധുനി ക്ലാസ് മുറികളും പ്രത്യേക സെര്‍വര്‍ റൂമോടുകൂടിയ ഐ.ടി. ലാബ് സൗകര്യവുമുണ്ട്. പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇവ പ്രയോജനപ്പെടുത്താം. പ്രോഗ്രാമിംഗിലും ഡിസൈനിലും സമഗ്രപരിശീലനപരിപാടി സംഘടിപ്പിക്കും. കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് തൊഴില്സജ്ജമാക്കുന്ന പ്രോഗ്രാമുകളും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, ലാബ് കെമിസ്റ്റ് കോഴ്സുകളും നടത്തും.
കേന്ദ്ര സഹായത്തോടെ ഗ്രാഫിക് ഡിസൈനര്‍ കോഴ്സ് സൗജന്യമായി സംഘടിപ്പിക്കും. നൂതന തൊഴില്‍മേഖലകളിലേക്ക് എത്താൻ അഭ്യസ്തവിദ്യരും തൊഴില്പരിജ്ഞാനവുമുള്ള യുവതയെ പ്രാപ്തരാക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപിന്റെ ലക്ഷ്യം. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തൊഴില്‍ പരിശീലന കേന്ദ്രങ്ങളായ അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്ത് നിര്‍മിക്കുന്ന 16 സ്കില്‍ പാര്‍ക്കുകളിലൊന്നാണ് പാമ്ബാടിയിലേത്.
ഭിന്നശേഷി സൗഹൃദമായാണ് സ്കില്‍ പാര്‍ക്കിന്റെ നിര്‍മാണം. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ടോയ്ലറ്റ്, ലിഫ്റ്റ്, കാഴ്ച പരിമിതിയുള്ളവര്‍ക്കായി ടൈലുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ലോക്കര്‍ സൗകര്യമുള്ള വസ്ത്രംമാറാനുള്ള മുറികള്‍, കോണ്‍ഫറൻസ് ഹാള്‍, അഞ്ചു പരിശീലന ഹാളുകള്‍, ഏഴു ക്ലാസ് മുറികള്‍, ലൈബ്രറി, ഓഫീസ് എന്നിവയാണ് മന്ദിരത്തിലുള്ളത്. 60,000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫില്‍റ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്