കോട്ടയം: കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള വെള്ളൂർ പേപ്പർമില്ലിൽ വൻ തീ പിടുത്തം. ഇന്ന് വൈകിട്ട് ആറുമണിയോടെ നടന്ന സംഭവത്തിൽ പേപ്പർ പ്രിന്റ് ചെയ്യുന്ന പ്രധാന യന്ത്രങ്ങൾക്ക് തീപിടിച്ചു. ചെറിയ രീതിയിൽ തീയും, പുകയും കണ്ടതോടെ ജീവനക്കാർ അപായസൂചന നൽകുകയും, തുടർന്ന് അവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
തൊഴിലാളികൾ അരമണിക്കൂറിലേറെ പരിശ്രമിച്ചെങ്കിലും തീയണക്കുവാൻ സാധിച്ചില്ല. തുടർന്നാണ് വെള്ളൂർ പോലീസും, ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയത്. കോട്ടയമുൾപ്പെടെ എട്ടോളം ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. രാത്രി വൈകിയും ഫയർഫോഴ്സ് സംഘം തീയണക്കുവാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ചുരുക്കം ചില ജീവനക്കാർക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ട്.