പൊതുസമ്ബര്‍ക്ക വകുപ്പില്‍ (പി.ആര്‍.ഡി) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.

പൊതുസമ്ബര്‍ക്ക വകുപ്പില്‍ (പി.ആര്‍.ഡി) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള വിവര- പൊതുസമ്ബര്‍ക്ക വകുപ്പില്‍ (പി.ആര്‍.ഡി) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പിനിരയായ പത്തനംതിട്ട സ്വദേശിക്ക് 34,000 രൂപയാണ് നഷ്ടപ്പെട്ടത്. എറണാകുളം സ്വദേശി നെടുമ്ബാശ്ശേരി ആപ്പിള്‍ അപ്പാര്‍ട്ട്മെന്‍റില്‍ അരുണ്‍ മേനോൻ (40) എന്നയാള്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ജൂണ്‍ 21ന് വ്യാജ നിയമന ഉത്തരവ് അയച്ചുകൊടുത്താണ് പറ്റിച്ചത്. prdkerala.hr.gvtkerala.in@gmail.com എന്ന വിലാസത്തില്‍നിന്നാണ് തിരുവനന്തപുരം ഐ ആൻഡ് പി.ആര്‍.ഡി വകുപ്പില്‍ കാഷ്വല്‍ തസ്തികയിലേക്കുള്ള അപേക്ഷ പി.ആര്‍.ഡി ഡയറക്ടര്‍ അംഗീകരിച്ചെന്നും 14 ദിവസത്തിനുള്ളില്‍ വെരിഫിക്കേഷൻ ഉത്തരവ് ലഭിക്കുമെന്നുമായിരുന്നു ആദ്യ ഇ- മെയില്‍ സന്ദേശം. ജൂലൈ 15ന് പി.ആര്‍.ഡിയുടെതന്നെ മറ്റൊരു ഇ- മെയില്‍ വിലാസത്തില്‍നിന്ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ഏഴിന് രാവിലെ 11ന് പി.ആര്‍.ഡി ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള മെയില്‍ ലഭിച്ചു.

ആഗസ്റ്റ് മൂന്നിന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 14ലേക്ക് മാറ്റിയെന്ന് മറ്റൊരു മെയില്‍ വന്നു. ഇതിന് ശേഷം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നേരിട്ട് ഹാജരാകേണ്ടതില്ലെന്നും മെയിലിലേക്ക് അപ്ലോഡ് ചെയ്താല്‍ മതിയെന്നുള്ള മെയില്‍ വന്നു. 19ന് നിയമന ഉത്തരവ് ലഭിക്കുന്നതിന് മുന്നോടിയായുള്ള പരിശീലന ക്ലാസ് സംബന്ധിച്ച വിവരം അറിയിച്ചുള്ള സന്ദേശവും എത്തി. നിയമനം മാത്രം ലഭിച്ചില്ല.