ചേപ്പാട്ട് വാടകവീട്ടില്‍ വ്യാജ വിദേശമദ്യനിര്‍മാണം നടത്തിയതിനു പിന്നില്‍ വൻ സംഘം

ചേപ്പാട്ട് വാടകവീട്ടില്‍ വ്യാജ വിദേശമദ്യനിര്‍മാണം നടത്തിയതിനു പിന്നില്‍ വൻ സംഘം
alternatetext

ചേപ്പാട്ട് വാടകവീട്ടില്‍നിന്ന് 758 കുപ്പി വ്യാജ വിദേശമദ്യവും മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള സാധനങ്ങളും പിടികൂടിയ സംഭവത്തിലേക്ക് എക്സൈസിനു വഴികാട്ടിയത് ചേപ്പാട്ട് കേന്ദ്രീകരിച്ച്‌ വിദേശമദ്യം ചില്ലറ വില്‍ക്കുന്നതായ രഹസ്യവിവരമാണ്. എക്സൈസ് കമ്മിഷണറുടെ സീലും ബിവറേജസ് കോര്‍പ്പറേഷന്റെ മുദ്രയും ഉള്‍പ്പെടെയുള്ള മദ്യമാണ് സുധീന്ദ്രലാല്‍ വില്‍പ്പനയ്ക്കെത്തിക്കുന്നതെന്നു വിവരം ലഭിച്ചു. തുടര്‍ന്ന്, ഒരുമാസത്തോളം എക്സൈസ് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കു പിന്നാലെയുണ്ടായിരുന്നു.

ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനകേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങിയിരുന്നതെന്നായിരുന്നു ആദ്യം സംശയിച്ചത്. പിടിയിലായ സുധീന്ദ്രലാല്‍ പശുവിനെ വളര്‍ത്തിയാണ് ജീവിച്ചുവന്നത്. ഇയാള്‍ക്ക് സാമ്ബത്തികബാധ്യതയുണ്ടായപ്പോള്‍ വ്യാജമദ്യം ഉത്പാദിപ്പിക്കുന്നവര്‍ ചെറിയ സഹായംനല്‍കി ഒപ്പം നിര്‍ത്തിയതാകാമെന്നാണ് എക്സൈസ് സംഘം സംശയിക്കുന്നത്. വാടകവീട്ടില്‍ ഭാര്യയും മക്കളും ഒപ്പമുള്ളതിനാല്‍ സമീപവാസികള്‍ക്ക് സംശയം തോന്നിയതുമില്ല

വ്യാജ വിദേശമദ്യനിര്‍മാണം നടത്തിയതിനു പിന്നില്‍ വൻ സംഘമാണെന്ന് എക്സൈസിനു വിവരം ലഭിച്ചു. ഇവരില്‍ ചിലരെപ്പറ്റിയുള്ള സൂചന കിട്ടിയിട്ടുണ്ട്. വീടു വാടകയ്ക്കെടുത്തിരുന്ന കുമാരപുരം എരിക്കാവ് സ്വദേശി സുധീന്ദ്രലാല്‍ (47) ഈ സംഘത്തിന്റെ ബിനാമിയാണെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

സുധീന്ദ്രലാലിന്റെ ഫോണ്‍ എക്സൈസ് സംഘം പിടികൂടി. ഫോണ്‍ ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കും. കൂട്ടുപ്രതികളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

വൻകിട ഡിസ്റ്റിലറികളില്‍ ഉത്പാദിപ്പിക്കുന്ന വിദേശമദ്യത്തിന്റെ തനിപ്പകര്‍പ്പാണ് ചേപ്പാട്ടുനിന്നു പിടികൂടിയത്. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ വലിയതോതില്‍ വിറ്റുപോകുന്ന ബ്രാൻഡിലെ റമ്മും ബ്രാൻഡിയുമാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്.

ആല്‍ക്കഹോള്‍ അംശം കൃത്യമാണെന്നുറപ്പാക്കാനുള്ള യന്ത്രസംവിധാനം, റമ്മിന്റെയും ബ്രാൻഡിയുടെയും എസൻസ്, നിറം, ബോട്ടിലിങ് ഉപകരണങ്ങള്‍, കുപ്പിയിലെ ലേബലുകള്‍ എന്നിവയെല്ലാം പിടികൂടി. ഇവയെല്ലാം വൻകിട ഡിസ്റ്റിലറികളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു. സാധാരണക്കാര്‍ക്ക് ഒരിക്കലും ഇവയെല്ലാം സംഘടിപ്പിച്ച്‌ മദ്യം ഉത്പാദിപ്പിക്കാൻ കഴിയില്ല. ഈ രംഗത്തെ മുൻപരിചയവും സ്പിരിറ്റ് എത്തിക്കാനും വ്യാജമദ്യം വൻതോതില്‍ വിപണിയിലിറക്കാനും കഴിവുള്ളവര്‍ തന്നെയാകണം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

ചേപ്പാട് റെയില്‍വേ ജങ്ഷനില്‍ ദേശീയപാതയോരത്തെ വീടു വാടകയ്ക്കെടുത്താണ് വ്യാജമദ്യം നിര്‍മിച്ചുവന്നത്. പ്രധാന ജങ്ഷനിലാണെങ്കിലും തൊട്ടടുത്ത് മറ്റു വീടുകളൊന്നുമില്ല. ഈ വീട്ടില്‍ കാറുകളിലാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ വിദേശമദ്യം പുറത്തേക്കു കൊണ്ടുപോയിരുന്നതും കാറുകളിലാണ്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ഇവിടെ വന്നുപോയ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കേസന്വേഷണത്തിന് അസി. എക്സൈസ് കമ്മിഷണര്‍ ചേപ്പാട്ടെ വ്യാജ വിദേശമദ്യവേട്ടയുമായി ബന്ധപ്പെട്ട അന്വേഷണം അസി. എക്സൈസ് കമ്മിഷണര്‍ എം. നൗഷാദിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എം. മഹേഷും സംഘവുമാണ് ഞായറാഴ്ച വൈകുന്നേരത്തോടെ വ്യാജമദ്യനിര്‍മാണകേന്ദ്രം പിടികൂടിയത്.

കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍നിന്ന് കഷ്ടിച്ച്‌ ഒന്നരക്കിലോമീറ്റര്‍ അകലെ ദേശീയപാതയോരത്താണ് ഈ വീട്. എട്ടുമാസത്തിലധികമായി ഇവിടെ വ്യാജമദ്യനിര്‍മാണം നടന്നിട്ടും പോലീസ് അറിഞ്ഞില്ല.