പറവൂര്‍: വാഹനാപകടത്തില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് യുവ ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയിലെ കടല്‍വാതുരുത്ത് കടവിലാണ് നാടിനെ നടുക്കിയ അപകടം. അര്‍ധരാത്രി ദിശ തെറ്റി കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി അടക്കം മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ.ആര് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടറും മതിലകം പാമ്ബിനേഴത്ത് ഒഫൂര്‍ – ഹഫ്സ ദമ്ബതികളുടെ മകൻ ഡോ. അജ്മല്‍ ആസിഫ് (28), കൊല്ലം പാലത്തറ ബോധിനഗര്‍ 254 തുണ്ടില്‍ വീട്ടില്‍ ഡോ. അദ്വൈത് (28) എന്നിവരാണ് മരിച്ചത്. കൂടെ സഞ്ചരിച്ച എറിയാട് സ്വദേശി ഡോ. ഖാസിക്, മെയില്‍ നഴ്സ് ജിസ്മോൻ, മെഡിക്കല്‍ വിദ്യാര്‍ഥിനി തമന്ന എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. എറണാകുളത്ത് ഡോ. അദ്വൈതിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് കൊടുങ്ങല്ലൂര്‍ക്ക് മടങ്ങും വഴിയാണ് അപകടം.
കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ റിട്ട. പ്രിൻസിപ്പല്‍ മംഗള ഭാനുവിന്റെയും കൊറ്റംകുളങ്ങര വി.എച്ച്.എസ്.എസ് റിട്ട. ക്ലര്‍ക്ക് കെ. സുപ്രിയയുടെയും ഏക മകനാണ് അദ്വൈത്.
ഗൂഗിള്‍ മാപ്പ് നോക്കി പറവൂര്‍ ടൗണ്‍ ഒഴിവാക്കി ഗോതുരുത്ത് വഴി സഞ്ചരിച്ച ഇവര്‍ കടല്വാതുരുത്തിന് 400 മീറ്റര്‍ മുമ്ബ് ഇടത്തോട്ട് തിരിയുന്നതിനുപകരം മുന്നോട്ട് പോയി പുഴയില്‍ വീഴുകയായിരുന്നു. കനത്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ് കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്തത്. റോഡ് അവസാനിക്കുന്നതായ ഒരു മുന്നറിയിപ്പും ഇവിടെ ഉണ്ടായിരുന്നില്ല.