സംസ്ഥാനത്തെ ബസുകളില്‍ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി

സംസ്ഥാനത്തെ ബസുകളില്‍ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി
alternatetext

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളില്‍ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു. സെപ്റ്റംബര്‍ 30 വരെയായിരുന്നു നേരത്തെ നല്‍കിയിരുന്ന സമയപരിധി. നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച്‌ സമയം നീട്ടി നല്‍കണമെന്ന കെഎസ്‌ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കുവാൻ ആണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. റോഡ് സുരക്ഷ സംബന്ധിച്ച്‌ ചേര്‍ന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുൻ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു.