നായപരിശീലന കേന്ദ്രത്തില്‍നിന്നു കഞ്ചാവ്‌ കണ്ടെത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍

നായപരിശീലന കേന്ദ്രത്തില്‍നിന്നു കഞ്ചാവ്‌ കണ്ടെത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍
alternatetext

കോട്ടയം: നായപരിശീലന കേന്ദ്രത്തില്‍നിന്നു കഞ്ചാവ്‌ കണ്ടെത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍. കോട്ടയം, പാറമ്ബുഴ കൊശമറ്റം കോളനി തെക്കേതുണ്ടത്തില്‍ റോബിന്‍ ജോര്‍ജി (28) നെ തമിഴ്‌നാട്ടില്‍നിന്നാണു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

ഇയാള്‍ വാടകയ്‌ക്കു താമസിച്ചിരുന്ന കുമാരനല്ലൂരിലെ വീട്ടില്‍നിന്നു കഴിഞ്ഞ തിങ്കളാഴ്‌ച 17.8 കിലോ കഞ്ചാവ്‌ ജില്ലാ പോലീസ്‌ പിടിച്ചെടുത്തിരുന്നു. വീടിനോടുചേര്‍ന്നു നടത്തിയിരുന്ന നായപരിശീലന കേന്ദ്രത്തിന്റെ മറവിലായിരുന്നു കഞ്ചാവ്‌ കച്ചവടം. പോലീസ്‌ സാന്നിധ്യം മനസിലാക്കിയതിനെത്തുടര്‍ന്ന്‌ അപകടകാരികളായ നായകളെ അഴിച്ചുവിട്ട്‌ റോബിന്‍ കടന്നുകളഞ്ഞു.

ഇതര സംസ്‌ഥാനത്തടക്കം അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ്‌, റോബിന്‍ തമിഴ്‌നാട്ടിലുണ്ടെന്നു മനസിലാക്കി. തിരുനെല്‍വേലിക്കു സമീപം സുരാന്ധയി എന്ന സ്‌ഥലത്താണ്‌ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്‌. പോലീസിനെക്കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സാഹസികമായാണ്‌ വലയിലാക്കിയത്‌.ഇന്നലെ പുലര്‍ച്ചെ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തിച്ച റോബിനെ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ കെ.ഷിജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തു. തുടര്‍ന്നു കുമാരനല്ലൂര്‍ വല്യാലിന്‍ചുവട്ടിലെ നായപരിശീലന കേന്ദ്രത്തിലും വീട്ടിലുമെത്തിച്ചു തെളിവെടുപ്പു നടത്തി.