തിരുവനന്തപുരം: ബില്ലുകള്‍ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയില്‍ പോകുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആശയകുഴപ്പം മാറുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബില്ലുകള്‍ ഒപ്പുവയ്ക്കാൻ ഗവര്‍ണര്‍ തയാറാകത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍. ‘സുപ്രീംകോടതിയെ സമീപിക്കുന്നതോടെ സര്‍ക്കാരിന്റെ ആശയക്കുഴപ്പം തീരും. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല ഞാന്‍. എന്റെ ബോധ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പണം പാഴാക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു’, ഗവര്‍ണര്‍ പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോള്‍ ആണ് ഇത്രേയധികം പണം ചെലവഴിച്ചതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നതാണ് സര്‍ക്കാരിനെ സുപ്രീം കോടതിയിലേക്ക് പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ മറ്റൊന്നും സര്‍ക്കാരിന് ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി വാദിക്കാൻ മുതിര്‍ന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്‍റെ സേവനം തേടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.