ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്
alternatetext

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്‌ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം തൈക്കാടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആൻഡ് ടൂറിസം സ്റ്റഡീസി (കിറ്റ്സ്) ലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ‘ടേക്ക് ഓഫ് ’23’ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു മന്ത്രി.

ആഗോളതലത്തില്‍ എവിടെയും ജോലി ലഭ്യമാകുന്ന തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന പരിശീലന സംവിധാനം വികസിപ്പിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ഭാവിയില്‍ ഒരു ടൂറിസം യൂണിവേഴ്സിറ്റിയായി അതിനെ വികസിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സാധ്യതകള്‍ പരിശോധിച്ച്‌ വരികയാണെന്നും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ വ്യവസായമായി ടൂറിസം മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം, ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖല അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഭാവിയില്‍ ഈ മേഖല അത്യപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിക്കാൻ പോകുന്നത്. വ്യോമയാന മേഖലയില്‍ എയര്‍ ഇന്ത്യയും ഇൻഡിഗോയും 450 വിമാനങ്ങള്‍ വാങ്ങാൻ പദ്ധതിയിട്ടുകഴിഞ്ഞു. ഭാവിയില്‍ വ്യോമയാന മേഖലയില്‍ സ്ഫോടനാത്മകമായ വളര്‍ച്ചയുണ്ടാകാൻ പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കും.

കിറ്റ്സ് പോലൊരു സ്ഥാപനം രാജ്യത്ത് ആദ്യം ആരംഭിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ജോലി ഉറപ്പാക്കുന്നത് ഇത്തരം സ്ഥാപനങ്ങളുടെ മികവിന്റെ ഉദാഹരണമാണ്. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച്‌ കിറ്റ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി ടൂറിസം റീല്‍സ് മത്സരം സംഘടിപ്പിക്കുന്ന വിവരവും മന്ത്രി അറിയിച്ചു.

2022-23 വര്‍ഷത്തില്‍ യൂണിവേഴ്സിറ്റി കലോത്സവത്തിലും മറ്റ് മേഖലകളിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. കോളജ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങില്‍ കിറ്റ്സ് ഡയറക്ടര്‍ ദിലീപ് എം ആര്‍, പ്രിൻസിപ്പാള്‍ ഡോ. ബി രാജേന്ദ്രൻ, തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ മാധവ് ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.