മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും എതിരെ സിപിഐയില്‍ രൂക്ഷ വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും എതിരെ സിപിഐയില്‍ രൂക്ഷ വിമര്‍ശനം
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും എതിരെ സിപിഐയില്‍ രൂക്ഷ വിമര്‍ശനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു. മുമ്ബ് പല മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ടെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയ്യാറാകാത്തതെയും അംഗങ്ങള്‍ ചോദിച്ചു.

ചെലവു ചുരുക്കലിനെക്കുറിച്ച്‌ ആവര്‍ത്തിക്കുമ്ബോഴും സര്‍ക്കാരിന്‍റെ ധൂര്‍ത്ത് വര്‍ധിക്കുകയാണ്. സര്‍ക്കാരിന്‍റെ മുൻഗണന മാറ്റണമെന്നും ഇപ്പോഴത്തെ മുൻഗണന ഇടത് സര്‍ക്കാരിനു ചേര്‍ന്നതല്ലെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ക്ക് മുൻഗണന നല്‍കണമെന്നും അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും വിമര്‍ശനമുണ്ടായി