തിരുവല്ല – മാവേലിക്കര സംസ്ഥാന പാതയോരത്തെ രണ്ട് വീടുകളില്‍ വൻ മോഷണം

തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോരത്തെ രണ്ട് വീടുകളില്‍ വൻ മോഷണം
alternatetext

ചെങ്ങന്നൂര്‍: തിരുവല്ല – മാവേലിക്കര സംസ്ഥാന പാതയോരത്തെ രണ്ട് വീടുകളില്‍ വൻ മോഷണം. വീടുകള്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മാന്നാര്‍ കുട്ടമ്ബേരൂര്‍ ഹോമിയോ ആശുപത്രി 16ാം വാര്‍ഡില്‍ ഊട്ടുപറമ്ബ് സ്കൂളിനു സമീപം കൃഷ്ണ നഴ്സിങ് ഹോം ഉടമ ദീപ്‌തിയില്‍ ഡോ.കെ. ദിലീപ്കുമാര്‍, മഹാത്മജി സ്മാരക വായനശാലക്ക് സമീപം പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ ദിവസ് സമ്മാൻ ജേതാവുമായ രാജശ്രീയില്‍ വി. കെ.രാജശേഖരൻ പിള്ളയുടെ (ബാബു) എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്.

ഡോ. ദിലീപ്കുമാറിന്‍റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഒമ്ബതോടെ ജോലിക്കാരി സുജാത എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. മുൻവശത്തെ ഗ്രില്ലിന്‍റെ പൂട്ടും പ്രധാന വാതിലിന്‍റെ കതകും തകര്‍ത്ത്‌ ഉള്ളില്‍ കയറുന്നതിനു മുമ്ബായി സി.സി.ടി.വി കാമറകള്‍ നശിപ്പിച്ചിരുന്നു. ഡി. വി. ആര്‍ കൊണ്ടുപോയി. മുറികളിലെല്ലാം കയറി സാധന സാമഗ്രികളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. രാജശേഖരൻ പിള്ളയുടെ വീടിന്‍റെ മുൻവശത്തെ വാതില്‍ കമ്ബി പാരയോ മറ്റോ ഉപയോഗിച്ച്‌ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.

ആലപ്പുഴയില്‍ നിന്നുള്ള കെ നയൻ ഡോഗ് സ്‌ക്വാഡിലെ ‘ജൂഡി’ സ്ഥലത്തെത്തി ഇരു വീടുകളിലുമായി ഓടിക്കൊണ്ടിരുന്നു. വിരലടയാള വിദഗ്ധൻ അപ്പുക്കുട്ടൻ, സോബി, ഫോട്ടോഗ്രാഫര്‍ ചന്ദ്രദാസ് എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.