തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാനസര്‍ക്കാര്‍ പദ്ധതിയില്‍ വന്‍വെട്ടിപ്പ് കണ്ടെത്തി വിജിലന്‍സ്. ഗുണഭോക്തൃപട്ടികയിലില്ലാത്ത അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തു. വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ വാങ്ങിയ ലാപ്ടോപ്പുകള് മുതല്‍ വയോധികര്‍ക്കായി വാങ്ങിയ കിടക്കകള്‍ വരെ അപ്രത്യക്ഷമായെന്നു തദ്ദേശസ്ഥാപനങ്ങളില്‍ വിജിലന്‍സ് നടത്തിവരുന്ന പരിശോധനയില്‍ കണ്ടെത്തി.
പദ്ധതി നടത്തിപ്പിനായി ഗ്രാമസഭകള്‍ ചേര്‍ന്ന് തയാറാക്കേണ്ട ഗുണഭോക്തൃപട്ടികയില്‍ ക്രമക്കേട് നടന്നതായി കൊല്ലം കോര്പറേഷന്, തിരുവല്ല, പത്തനംതിട്ട, പുനലൂര്‍, ചേര്‍ത്തല മുനിസിപ്പാലിറ്റികള്‍, അമ്ബലപ്പുഴ, വൈക്കം ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ മിന്നല്‍പരിശോധനയില്‍ വ്യക്തമായി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകളില്‍ പഠനമുറി നിര്‍മാണത്തിനുള്ള സാമ്ബത്തികസഹായം മുന്‍ഗണന മറികടന്ന് വിതരണം ചെയ്തു.
പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികളില്‍ ഗുണഭോക്തൃപട്ടികയില്‍ ഇല്ലാത്തവര്‍ക്ക് ആനുകുല്യങ്ങള്‍ നല്കി. അമ്ബലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ അടിസ്ഥാനസൗകര്യവികസനത്തിനായുള്ള ഗുണഭോക്തൃപ്പട്ടികയില്‍ 52 അപേക്ഷകരാണുള്ളത്. എന്നാല്‍, പട്ടികയിലില്ലാത്ത എട്ടുപേര്‍ക്ക് ധനസഹായം അനുവദിച്ചു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി വാങ്ങിയ 34 ലാപ്ടോപ്പുകളില് നാലെണ്ണം കാണാനില്ല. കൊല്ലം കോര്‍പറേഷനില്‍ 2018-2019 കാലയളവില്‍ വയോധികര്‍ക്കായി വാങ്ങിയ 344 കിടക്കകളില്‍ 310 എണ്ണമേ വിതരണം ചെയ്തുള്ളൂ. ബാക്കി എവിടെയെന്നറിയില്ല.
വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ പഠനമുറിക്കായുള്ള ധനസഹായത്തിന്റെ മൂന്നാം ഗഡു അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍, അപേക്ഷകന് കിട്ടിയിട്ടില്ല. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2019-ല്‍ ഒരു ഗുണഭോക്താവിന് വാട്ടര്‍ ടാങ്ക് നല്‍കിയതായി രേഖയില്‍ മാത്രമാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ കാറടുക്ക ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചുവര്‍ഷമായി ഭൂരഹിതര്‍ക്കു സ്ഥലം വാങ്ങിനല്‍കുന്നത് ഒരേ ഭൂവുടമയില്നിന്നാണെന്നും കണ്ടെത്തി