കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളിലെ ഗോള്‍ഡന്‍ ടവറില്‍ ഒക്ടോബര്‍ ഒന്‍പത്,പത്ത് തീയ്യതികളില്‍ നടത്തും. ഒക്ടോബര്‍ 10 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും.
അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗത പ്രഭാഷണവും ഡോ.കെ .ടി.ജലീല്‍ എം.എല്‍.എ ആമുഖഭാഷണവും നടത്തും. മന്ത്രി വി.അബ്ദുള്‍ റഹ്‌മാന്‍, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, .അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. തുടര്‍ന്ന് രാത്രി ഏഴു മണിക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ വള്ളുവനാട് ബ്രഹ്‌മയുടെ ‘രണ്ടു നക്ഷത്രങ്ങള്‍’ എന്ന നാടകം അരങ്ങേറും. അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്‍പത് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും.
ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് 3.30 ന് പ്രശസ്ത ഗായകന്‍ അലോഷി നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. രാത്രി 7 മണിക്ക് പ്രൊഫഷണല്‍ നാടക മത്സരത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ നാടകം ‘നത്ത് മാത്തന്‍ ഒന്നാം സാക്ഷി’ അരങ്ങേറും. വന്‍നഗരങ്ങളില്‍ മാത്രം സംഘടിപ്പിച്ചിരുന്ന അവാര്‍ഡ് നിശ ഗ്രാമത്തില്‍ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ വിവിധതുറയിലുള്ളവരുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യരക്ഷാധികാരിയായും എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, എം.എല്‍.എ മാരായ പി.നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീക്ക, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, എം.എം.നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, പി.സുരേന്ദ്രന്‍, അഡ്വ. മുഹമ്മദ് സക്കീര്‍, ബഷീര്‍ കൂട്ടായി, പി. ജ്യോതിബാസ്, എ.ശിവദാസന്‍, ശിവദാസ് ആറ്റുപുറം, ഇ സിന്ധു, എ.എം രോഹിത്ത്, കെ.എന്‍ ഉദയന്‍ എന്നിവര്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു.