ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്ബൂര്‍ണ്ണയോഗം ശനിയാഴ്ച ചേരും.

alternatetext

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്ബൂര്‍ണ്ണയോഗം ശനിയാഴ്ച ചേരും. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നിയമ നിര്‍മ്മാണ നീക്കം ഉണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി. ഇതിനിടെ, ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിഹാറിലെ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട പുറത്ത് വിട്ടെങ്കിലും പ്രതിപക്ഷം ഇപ്പോഴും സര്‍ക്കാരിനെ വിശ്വാസത്തില്‍ എടുത്തിട്ടില്ല. വിവാദ വിഷയങ്ങള്‍ അജണ്ടകളാകാമെന്നാണ് പ്രതിപക്ഷം കണക്ക് കൂട്ടുന്നത്. എന്നാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കാനിടയില്ലെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്.

പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്നതിന്‍റെ പിറ്റേന്നാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ സമ്ബൂര്‍ണ്ണയോഗം ചേരുന്നത്. പിന്മാറിയ അധിര്‍ രഞ്ജന്‍ ചൗധരി ഒഴികെ സമിതിയിലെ ഏഴംഗങ്ങളും പങ്കെടുക്കുമെന്നാണ് വിവരം.

ഭരണഘടനയിലും, ജനപ്രാതിനിധ്യനിയമത്തിലും വരുത്തേണ്ട മാറ്റങ്ങളടക്കം ചര്‍ച്ചയില്‍ വരും. പൂര്‍ണ്ണ ചിത്രം സര്‍ക്കാരിന് നല്‍കണമെങ്കില്‍ സമിതിക്ക് വീണ്ടും യോഗങ്ങള്‍ ചേരേണ്ടി വരും.