കഞ്ചാവ് കേസ് ഒതുക്കിത്തീർക്കാൻ യുവാക്കളോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എസ്.ഐയും, മൂന്ന് പൊലീസുകാരും സസ്പെൻഷനിൽ.

കഞ്ചാവ് കേസ് ഒതുക്കിത്തീർക്കാൻ യുവാക്കളോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എസ്.ഐയും, മൂന്ന് പൊലീസുകാരും സസ്പെൻഷനിൽ.
alternatetext

അടിമാലി: കഴിഞ്ഞ ബുധനാഴ്ചയാണ് അടിമാലി വാളറയിൽ വച്ച് മൂന്നാർ കണ്ടുമടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ ആറംഗ സംഘ യുവാക്കളുടെ വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയത്. ഇത് കേസാക്കാതിരിക്കാൻ 36,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

ഇടുക്കി അടിമാലി ഹൈവേ പൊലീസിലെ ഗ്രേഡ് എസ്.ഐ ഷിബി.ടി.ജോസഫ്, സി.പി.ഒ സുധീഷ് മോഹൻ, ഡ്രൈവർ പി.സി.സോബിൻ സോജൻ (ദേവിയാർ കോളനി ) എന്നിവരെയാണ് ഇടുക്കി എസ്.പി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്.ആവശ്യപ്പെട്ട പണം യുവാക്കളുടെ കൈയിൽ ഇല്ലായിരുന്നു. ഇതോടെ മൂന്ന് പേരെ പൊലീസ് സ്ഥലത്ത് പിടിച്ച് നിർത്തി. മറ്റ് മൂന്ന് പേരെ വാഹനത്തിലുണ്ടായിരുന്ന ടാബ് വിറ്റ് പണവുമായി വരാൻ നിർദേശിച്ച് അടിമാലിക്ക് തിരികെ അയച്ചു.

ഇവർ മൂവരും അടിമാലിക്ക് വരുംവഴി മറ്റൊരു പൊലീസ് സംഘത്തിന്‍റെ മുന്നിൽപെട്ടു. സംഭവം ഇവരോട് പറഞ്ഞു. ഇവർ നിർദേശിച്ചതനുസരിച്ച് യുവാക്കൾ ടാബ് വിൽക്കാതെ തിരികെ ഹൈവേ പൊലീസിന്‍റെ അടുത്തേക്ക് തന്നെ എത്തി. പണം ലഭിക്കില്ലെന്ന് മനസിലാക്കിയ ഹൈവേ പൊലീസ് വാഹനത്തിനും യുവാക്കൾക്കും എതിരെ അഞ്ച് കേസുകൾ എടുത്ത് ഇവരെ പറഞ്ഞുവിട്ടു. ഫോണിൽ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കൾ അറിയുന്നത്.

സംഭവത്തെ കുറിച്ച് ബുധനാഴ്ച വൈകീട്ട് തന്നെ ഇടുക്കി എസ്.പിക്ക് വിവരം ലഭിച്ചു. തുടർന്ന് എസ്.പിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ അടിമാലി സി.ഐ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്നാണ് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.