കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്‌റ്റില്‍.

കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്‌റ്റില്‍.
alternatetext

ആലപ്പുഴ: വ്യാവസായികാടിസ്‌ഥാനത്തില്‍ കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്‌റ്റില്‍. കൊല്ലം ഇരവിപുരം വടക്കേവിള തണ്ടാശേരി വയലില്‍ വീട്ടില്‍ അമീര്‍ ഷാന്‍(24), വടക്കേവിള മുള്ളുവിള നഗര്‍ പതിനൊന്നില്‍ ദീപം വീട്ടില്‍ ശ്രീശിവന്‍ (31) എന്നിവരാണ്‌ ആലപ്പുഴയില്‍ അറസ്‌റ്റിലായത്‌. നഗരസഭ വാര്‍ഡിലെ റെയ്‌ബാന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ലൈഫ്‌ സയന്‍സ്‌ ഫാര്‍മ മെഡിക്കല്‍ ഷോപ്പിന്റെ പേരില്‍ വ്യാജ ഓര്‍ഡറുണ്ടാക്കി മയക്കുമരുന്ന്‌ വാങ്ങുന്നതിനിടെ ഇവര്‍ പിടിയിലാകുകയായിരുന്നു.

ആലപ്പുഴ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്‍ഡ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സി.ഐ: എം. മഹേഷിന്റ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്‌. മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ്‌ ഫോണില്‍ പകര്‍ത്തി വന്‍കിട കമ്ബനികള്‍ക്ക്‌ അയച്ചുകൊടുത്താണ്‌ പ്രതികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നത്‌. മെഡിക്കല്‍ സ്‌റ്റോറുകളുടെ വിലാസത്തിനൊപ്പം ഇവരുടെ മൊബൈല്‍ നമ്ബര്‍ നല്‍കുകയും കൊറിയര്‍ എത്തുമ്ബോള്‍ നേരിട്ടെത്തി കൈപ്പറ്റുകയും ചെയ്യുന്നതായിരുന്നു രീതി.

എന്നാല്‍ ഇത്തവണ കൊറിയര്‍ കമ്ബനിക്കാര്‍ ഫോണില്‍ വിളിക്കാതെ മെഡിക്കല്‍ സ്‌റ്റോറില്‍ നേരിട്ടെത്തി സാധനം നല്‍കിയതോടെയാണ്‌ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്‌. ഓര്‍ഡര്‍ ചെയ്യാത്ത നൂറുകുപ്പി ലിക്വിഡ്‌ ഡയസപാം കൊറിയര്‍ മുഖാന്തരം എത്തിയത്‌ മെഡിക്കല്‍ഷോപ്പുകാരില്‍ സംശയമുണര്‍ത്തി. തുടര്‍ന്ന്‌ എക്‌സൈസ്‌ വകുപ്പിനെ ഇവര്‍ വിവരമറിയിച്ചു. പിന്നീട്‌ കൊറിയര്‍ കൈപ്പറ്റാനെന്ന നിലയില്‍ പ്രതികളെ വിളിച്ചുവരുത്തി എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ അതിസാഹസികമായി പിടികൂടുകയായിരുന്നു.

ഓണ്‍ലൈന്‍ വഴി മയക്കുമരുന്നുകള്‍ ഓര്‍ഡര്‍ചെയ്‌തു വരുത്തി പ്രതികള്‍ ആവശ്യക്കാര്‍ക്ക്‌ കൊടുത്തുവരികയായിരുന്നു. 10 മില്ലി അടങ്ങിയ ഒരു കുപ്പിക്ക്‌ 1000 മുതല്‍ 1500 രൂപ വരെയാണ്‌ ഈടാക്കിയിരുന്നത്‌.

പി.ഒ. പ്രസന്നന്‍, മനോജ്‌ കുമാര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എസ്‌. ദിലീഷ്‌, എസ്‌. അരുണ്‍, എം. റെനി, പ്രിവന്റീവ്‌ ഓഫീസര്‍ ഗ്രേഡ്‌ കെ.പി സജിമോന്‍, പ്രിവന്റീവ്‌ ഓഫീസര്‍ എന്‍. പ്രസന്നന്‍, ആലപ്പുഴ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ വര്‍ഗീസ്‌ പയസ്‌ എന്നിവരും പ്രതിയ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു