മലപ്പുറം: കഴിഞ്ഞ ദിവസമാണ് നിറയെ ഡീസലുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞു മലപ്പുറം അങ്ങാടിപ്പുറം പരിയാപുരത്ത് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് സമീപത്തെ കിണറുകളിലേക്ക് ഡീസൽ പടർന്നിരുന്നു. പരിയാപുരം കോൺവെന്റിലെ കിണറിൽ ഡീസൽ പടർന്നതിനെ തുടർന്നാണ് അവവ ഫയർഫോഴ്സിന്റെ സഹായം തേടിയത്. സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് വെള്ളം വറ്റിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിൽ കിണറിനുള്ളിലേക്ക് തീ കത്തിച്ച് ഇടുകയായിരുന്നു.
ഡീസലിന്റെ സാന്നിധ്യം ഏറെയുണ്ടായിരുന്ന കിണറിൽ കുറച്ചു നേരം തീ കത്തി നിൽക്കുകയും, പുകയും തീനാളങ്ങളും ആകാശത്തേക്ക് ഉയരുകയും ചെയ്തു. കൂടാതെ കിണറിനു സമീപം ഉണ്ടായിരുന്ന മരങ്ങളിലും തീ പടർന്നു പിടിച്ചു.
ഫയർഫോഴ്സിന്റെ ഈ ഒരു പ്രവർത്തനം ബുദ്ധിപരമായ ഒന്നായിരുന്നില്ല എന്നാണ് കാഴ്ചക്കാർ പറയുന്നത്. കോൺവെന്റിലെ കിണറിൽ തീ ഇട്ടതിനുശേഷം സമീപത്തെ മറ്റൊരു വീട്ടിലെ കിണറിൽ ഡീസലിന്റെ സാന്നിധ്യം ക്രമാതീതമായി ഉയരുകയും ചെയ്തു. പ്രദേശത്തെ കിണറുകളിലെ വെളളം ശുദ്ധീകരിക്കുന്നതിനും, താൽകാലികമായി കുടിവെള്ളം ഒരുക്കുന്നതിനും, ഇത്തരത്തിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിയാപുരം പള്ളിക്ക് മുകളിൽ റോഡിൽ ക്രാഷ് ഗാർഡ് സ്ഥാപിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.