കൊച്ചി: കടമക്കുടിയിലെ നാലംഗകുടുംബത്തെ മരിച്ചതിന് ശേഷവും വെറുതെ വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാര്‍. കുട്ടികളടക്കം നാലുപേരുടെ കൂട്ടമരണത്തിന്റെ ദുഃഖത്തിനിടെയും ഓണ്‍ലൈന്‍ ആപ്പുകാര്‍ മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഭീഷണിസന്ദേശം അയക്കുന്നതും തുടരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായാണ് ബന്ധുക്കള്‍ക്ക് ഭീഷണിസന്ദേശം വാട്‌സാപ്പില്‍ ലഭിച്ചത്. മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്. ചിലര്‍ക്ക് ഹിന്ദിയിലുള്ള ഒരു ഓഡിയോ സന്ദേശവും ലഭിച്ചിട്ടുണ്ട്. പലനമ്ബറുകളില്‍നിന്നാണ് സന്ദേശങ്ങള്‍ വരുന്നതെന്നും ഇതിനെതിരേ എത്രയുംവേഗം നടപടിവേണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോയെയും ഭാര്യ ശില്‍പയെയും ഏഴും അഞ്ചും വയസ്സുള്ള മക്കളായ എയ്ബല്‍, ആരോണ്‍ എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയില്‍ കണ്ടെടുത്ത കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, സാമ്ബത്തിക ബാധ്യതയില്‍ കുടുംബം ആത്മഹത്യ ചെയ്യാനുള്ള സാധ്യത നാട്ടുകാരും ബന്ധുക്കളും തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഓണ്‍ലൈന്‍ ആപ്പുകാരുടെ ഭീഷണിസന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചത്. ശില്‍പയെടുത്ത വായ്പയില്‍ 9300 രൂപ കുടിശ്ശികയുണ്ടെന്നു കാണിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് നിജോയുടെ ബന്ധുവിനാണ് ഓണ്‍ലൈന്‍ ആപ്പുകാര്‍ ആദ്യം സന്ദേശം അയച്ചത്.
അടച്ചുതീര്‍ക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്മെന്റും ശില്‍പയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പം അയച്ചു. വിളിച്ചിട്ട് ശില്‍പ ഫോണ്‍ എടുക്കുന്നില്ലെന്നും പണം ഉടന്‍തന്നെ അടച്ചില്ലെങ്കില്‍ ശില്‍പയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ഫോണ്‍ലിസ്റ്റിലുള്ളവര്‍ക്ക് അയച്ചു നല്‍കുമെന്നുമായിരുന്നു ഭീഷണി. ഫോണ്‍ലിസ്റ്റില്‍ ഉള്ള 25 പേരുടെ നമ്ബരും ബന്ധുവായ സ്ത്രീക്ക് അയച്ചു. കൂട്ടമരണത്തിന്റെ ആഘാതത്തിലായിരുന്ന ബന്ധു അതത്ര കാര്യമായെടുത്തില്ല. എന്നാല്‍, രാത്രി ഒന്‍പതരയോടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ബന്ധുവിന്റെ ഫോണിലേക്ക് എത്തി. മറ്റു പല നമ്ബരുകളിലേക്കും ഇതേ ചിത്രം അയച്ചു. ഭീഷണി സന്ദേശവും മോര്‍ഫ് ചെയ്ത ചിത്രവും അയച്ച നമ്ബരിലേക്ക് പോലീസും നാട്ടുകാരും വിളിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടുന്നില്ല.
ഈ നമ്ബരിലേക്ക് വിളിച്ചാല്‍ ശ്രീലങ്കയിലേക്കാണ് കോള്‍ പോകുന്നതെന്നാണ് പൊലീസിന്റെ പ്രതികരണം. കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ ആപ്പുകാര്‍ ശില്‍പയെ ഭീഷണിപ്പെടുത്തി പണം തിരികെ അടപ്പിക്കാനുള്ള ശ്രമം നടന്നിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ശില്‍പയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണെന്നും മുനമ്ബം പൊലീസ് അറിയിച്ചു.