എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ ഡോ. മനോജിനെതിരേ വീണ്ടും കേസ്. 2018 ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഇ- മെയില്‍ വഴിയാണ് ഇവര്‍ പരാതി പോലീസിനു സമര്‍പ്പിച്ചത്.
ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഡോ. മനോജിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്നു പോലീസ് അറിയിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019-ല്‍ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരേ നേരത്തേ ബലാത്സംഗക്കുറ്റം ചുമത്തിയാണു കേസെടുത്തത്. ഹൗസ് സര്‍ജന്‍സിയില്‍ ഇന്റണ്‍ഷിപ്പ് ചെയ്തിരുന്ന വനിതാ ഡോക്ടര്ക്കെതിരേയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമം.ഫെയ്സ്ബുക്കില്‍ താന്‍ നേരിട്ട അതിക്രമം വിവരിച്ചു വനിതാ ഡോക്ടര്‍ കുറിപ്പിട്ടിരുന്നു. പിന്നീടാണു പോലീസില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയും നിര്‍ദേശം നല്കി.
പിന്നാലെയാണു മറ്റൊരു വനിതാ ഡോക്ടറും ഇ-മെയില്‍ വഴി പരാതി സമര്‍പ്പിച്ചത്. നിലവില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുകയാണു ഡോക്ടര്‍ മനോജ്.