ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ സമാപന ദിവസം ഡല്‍ഹിയിലെ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും. ക്ഷേത്രത്തില്‍ പൂജയും അഭിഷേകവും നടത്തിയ ദന്പതികള്‍ ക്ഷേത്ര പുരോഹിതന്മാരുമായി ചേര്‍ന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. തന്റെ കുടുംബത്തിന്റെ ഇന്ത്യൻ വേരുകളില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ഋഷി സുനക് അഭിമാനിയായ ഹിന്ദു എന്നനിലയില്‍ ഇന്ത്യയുമായുള്ള ബന്ധം തുടര്‍ന്നും കാത്തുസൂക്ഷിക്കുമെന്ന് വ്യക്തമാക്കി.
ഋഷി സുനകിന്റെയും ഭാര്യ അക്ഷത മൂര്‍ത്തിയുടെയും ക്ഷേത്രസന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയും ട്വിറ്ററില്‍ പങ്കുവച്ചു. കനത്ത മഴയെ തുടര്‍ന്നുള്ള കാലാവസ്ഥയിലും ഇന്നലെ രാവിലെ ആറരയ്ക്ക് ഋഷി സുനകും ഭാര്യയും ക്ഷേത്രത്തില്‍ എത്തി. നൂറേക്കര്‍ വിസ്തൃതിയില്‍ പണി കഴിപ്പിച്ചിട്ടുള്ള അക്ഷര്‍ധാം ക്ഷേത്രസമുച്ചയം ചുറ്റി സന്ദര്‍ശിച്ചാണ് ദന്പതികള്‍ മടങ്ങിയത്.
ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ഋഷി സുനക് കഴിഞ്ഞ വര്‍ഷം ഒക്ടബറിലാണ് ഇന്ത്യൻ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. സാങ്കേതികരംഗത്ത് ശ്രദ്ധേയനായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂര്‍ത്തിയുടെയും മനുഷ്യസ്നേഹിയും അധ്യാപികയുമായ സുധ മൂര്‍ത്തിയുടെയും മകളായ അക്ഷത മൂര്‍ത്തിയാണ് ഋഷി സുനകിന്റെ ഭാര്യ.