ആദിത്യ എല്‍-1ന്റെ മൂന്നാം ഭ്രമണപഥമുയര്‍ത്തലും വിജയകരം.

ആദിത്യ എല്‍-1ന്റെ മൂന്നാം ഭ്രമണപഥമുയര്‍ത്തലും വിജയകരം.
alternatetext

ആദിത്യ എല്‍-1ന്റെ മൂന്നാം ഭ്രമണപഥമുയര്‍ത്തലും വിജയകരം. ഇന്ത്യയുടെ സൗരപര്യവേക്ഷണ വാഹനമായ ആദിത്യ എല്‍1, 2023 സെപ്റ്റംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നുമാണ് വിക്ഷേപിച്ചത്. പി.എസ്.എല്‍.വി സി-57 റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം.

സെപ്റ്റംബര്‍ 15നാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഇനി വീണ്ടും ഉയര്‍ത്തുക. ഞായറാഴ്ച പുലര്‍ച്ചെ 2:30നാണ് ഭ്രമണപഥം ഉയര്‍ത്തിയതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. മൗറീഷ്യസ്, ബംഗളൂരു, ശ്രീഹരിക്കോട്ട, പോര്‍ട്ട് ബ്ലെയര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഭ്രമണപഥം ഉയര്‍ത്തുന്ന സമയത്ത് സാറ്റ്ലൈറ്റിനെ ട്രാക്ക് ചെയ്തുവെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഉപഗ്രഹത്തിന്റെ ഭൂമിയോട് അടുത്തുള്ള ഭ്രമണപഥ പാത 296 കിലോ മീറ്ററും അകലെയുള്ളത് 71,767 കിലോ മീറ്ററുമാണ്. സെപ്റ്റംബര്‍ 15ലെ ഭ്രമണപഥം ഉയര്‍ത്തലിന് ശേഷം സമാനമായ രണ്ട് ഉയര്‍ത്തലുകള്‍ കൂടിയുണ്ടാവുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്.

നാലുമാസത്തോളം നീണ്ടുനില്‍ക്കുന്ന യാത്രക്കൊടുവില്‍, 2024 ജനുവരി ആദ്യവാരത്തില്‍ ആദിത്യ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാനലക്ഷ്യം