പാലക്കാട്: ഷൊര്‍ണൂര്‍ കൂനത്തറയില്‍ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് കവര്‍ച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്ന് പൊലീസ്. പ്രതിയായ പട്ടാമ്ബി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നിന്നും ഇറങ്ങിയോടുന്നതിനിടെ ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാര്‍ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വീടിന്റെ ഉള്‍വശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടില്‍ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാര്‍ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു.