ആലപ്പുഴ: ആക്രി പെറുക്കാനെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ യുവാവ് ബംഗ്ലാദേശുകാരന്. വിസയോ പാസ്പോര്‍ട്ടോ ഇല്ലാതെ ഇയാള്‍ ഇന്ത്യയിലേക്കു കടന്നത് അനധികൃതമായി.
ആക്രി പെറുക്കുന്നതിനിടയില്‍ അതിക്രമിച്ചു കയറി വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ മാസം 23നാണ് യുവാവിനെ ആലപ്പുഴ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീം എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ബംഗാളിലെ മേല്‍വിലാസവും നല്കി. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിയുന്നത്. പേര് ആരിഫുള്‍ ഇസ്ലാം(26) എന്നാണെന്നും കണ്ടെത്തി.
പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ കഴിഞ്ഞ ജൂണിലാണ് ഇയാള്‍ ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ബംഗ്ലാദേശിലെ പിരോജ്പൂര്‍ ജില്ലക്കാരനാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് പൗരത്വം സ്ഥിരീകരിച്ചതോടെ അര്‍ത്തുങ്കല്‍ എസ്.എച്ച്.ഒ: പി.ജി മധുവിന്റെയും എസ്.ഐ: ഡി. സജീവ്കുമാറിന്റെയും നേതൃത്വത്തില്‍ ആരിഫളിനെതിരേ ഫോറിനേഴ്സ് ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു