രജ്ഞിത്ത് ശ്രീനിവാസ് കേസ്; സാക്ഷി വിസ്താരം പുനരാരംഭിച്ചു

രജ്ഞിത്ത് ശ്രീനിവാസ് കേസ്; സാക്ഷി വിസ്താരം പുനരാരംഭിച്ചു
alternatetext

OBC മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴ യിലെ അഡ്വ രജ്ഞിത്ത് ശ്രീനിവാസ് കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി മുമ്പാകെ പുനരാരംഭിച്ചു.

കേസുമായി ബന്ധപ്പെട്ട് പ്രതികൾ തമ്പടിച്ചിരുന്ന മണ്ണഞ്ചേരിയിലെ വീടിൻ്റെ ഉടമസ്ഥയായ സ്ത്രീയെയും പ്രതികൾ കൃത്യത്തിനായി മോട്ടോർ സൈക്കിളിൽ പോകുന്നത് കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥന് വിവരങ്ങൾ നല്കിയ സമീപവാസിയെയും പ്രോസിക്യൂഷൻ സാക്ഷിയായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ വിസ്തരിച്ചു. കൂടാതെ പ്രതികളുടെ ദൃശ്യങ്ങൾ സിസി ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞ മൂന്ന് വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളെയും പ്രോസിക്യൂഷൻ ഇന്ന് വിസ്തരിച്ചു.

ഇതിനിടെ കോടതിയിൽ സാക്ഷി വിസ്താരം നടക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ഒരു സാക്ഷി കുഴഞ്ഞ് വീണത് പരിഭ്രാന്തി പരത്തി. തുടർന്ന് അദ്ദേഹത്തിന് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി.

നിലവിൽ 122 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും ഇതുവരെ വിസ്തരിച്ചു കഴിഞ്ഞു. തുടർ സാക്ഷി വിസ്താരം വെള്ളിയാഴ്ച നടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്