കൊച്ചി: ആലുവയില്‍ ഉറങ്ങുന്നതിനിടെ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി ക്രിസ്റ്റല്‍ രാജ് കൊടുംകുറ്റവാളിയെന്ന് അന്വേഷണ സംഘം. വളരെ ചെറുപ്പത്തില്‍ തന്നെ നിരവധി കേസുകളിലെ പ്രതിയാണ് ക്രിസ്റ്റല്‍ എന്ന് പോലീസ് പറയുന്നു. പതിനെട്ടാം വയസുമുതല്‍ നിരവധി മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്. ഇതില്‍ ഏറെയും മൈബൈല്‍ മോഷണമാണെന്ന് പ്രതിയുടെ അമ്മ പറഞ്ഞു. വീട്ടില്‍ മൊബൈല്‍ ഫോണുകളുടെ കൂമ്ബാരം തന്നെയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പകല്‍ മുഴുവന്‍ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് പ്രതിയുടെ രീതി. തുടര്‍ന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയാല്‍ വാതില്‍ അടച്ച് അകത്തുതന്നെ ഇരിക്കും. രാത്രി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാല്‍ മകന് ചീത്തവിളിക്കുമെന്നും മാതാവ് പറയുന്നു. ക്രിസ്റ്റല്‍ നേരത്തെയും ലൈംഗിക പീഡനക്കേസില്‍ പ്രതിയാണ്. മാനസിക വെല്ലുവിളി നേരിടുന്ന പ്രായമായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ നിന്നും ജാമ്യമെടുത്ത് പുറത്തിറങ്ങി. അതിനുശേഷം മോഷണം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ പോലീസ് അന്വേഷിച്ച് വന്നതിന് പിന്നാലെ അവിടെ നിന്നും ഇറങ്ങിപ്പോയതായി അമ്മ പറഞ്ഞു. ഒന്നരവര്‍ഷം മുന്‍പാണ് ബന്ധുവിനൊപ്പം ആലുവയില്‍ എത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ ക്രിസ്റ്റല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ചോദ്യംചെയ്തു വരികയാണ്. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കുട്ടിയുടെ വീട്ടില്‍ നിന്നും മൊബൈല്‍ഫോണും കവര്‍ന്നതായി വെളിപ്പെടുത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണ്‍ ആണ് പ്രതി വീട്ടില്‍ നിന്നും മോഷ്ടിച്ചതെന്ന് ബന്ധുവായ യുവാവ് പറഞ്ഞു.
വീട്ടിലുണ്ടായിരുന്ന ഒരു പേഴ്സ് അരിച്ചുപെറുക്കിയശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി. സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.