ചന്ദ്രോപരിതലത്തിലെ വിക്രം ലാൻഡറിന്റെ ത്രിമാന ചിത്രം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു

ചന്ദ്രോപരിതലത്തിലെ വിക്രം ലാൻഡറിന്റെ ത്രിമാന ചിത്രം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു
alternatetext

ചന്ദ്രോപരിതലത്തിലെ വിക്രം ലാൻഡറിന്റെ ത്രിമാന ചിത്രം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. പ്രഗ്യാൻ റോവറിന്റെ ക്യാമറയില്‍ പകര്‍ത്തിയ രണ്ടു ചിത്രങ്ങള്‍ സംയോജിപ്പിച്ച അനഗ്ലിഫ് ത്രീഡി ചിത്രമാണിത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രം സമീകരിച്ചത്.

വസ്തുക്കളുടെയോ ഭൂപ്രദേശത്തിന്റേയോ ഒന്നിലധികം കോണുകളില്‍ നിന്ന് പകര്‍ത്തുന്ന ചിത്രങ്ങള്‍ സന്നിവേശിപ്പിക്കുന്ന ത്രീഡി ചിത്രങ്ങളാണ് അനഗ്ലിഫ്. ത്രീഡി ഗ്ലാസ് ഉപയോഗിച്ചാല്‍ ത്രീഡി ഇഫക്ടില്‍ കാണാം. ഐ.എസ്.ആര്‍.ഒയുടെ ഇലക്‌ട്രോ-ഒപ്ടിക് സിസ്റ്റം ലബോറട്ടറിയിലാണ് നാവിഗേഷനുപയോഗിക്കുന്ന നവ് ക്യാം ക്യാമറ വികസിപ്പിച്ചത്.

ലാൻഡറിന്റെ ചുറ്റും നിന്ന് റോവര്‍ പകര്‍ത്തിയ ‘സ്റ്റീരിയോ ഇമേജുക”ളില്‍ നിന്നുള്ള ചിത്രങ്ങളാണ് സംയോജിപ്പിച്ചത്. നീലയും പച്ചയും ചാനലിലാക്കിയ ചിത്രങ്ങള്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച്‌ കാണുമ്ബോള്‍ സ്റ്റീരിയോ ഇഫക്‌ട് സംഭവിക്കുകയും ത്രിമാന രൂപത്തില്‍ കാണുകയും ചെയ്യും.രണ്ട് കണ്ണുകള്‍ കൊണ്ട് കാണുന്നതിനെ വീണ്ടും ആവര്‍ത്തിച്ച്‌ കാണിക്കുംവിധത്തിലുള്ള ചിത്രങ്ങളാണ് സ്റ്റീരിയോ സ്കോപിക് എന്നുപറയുന്നത്.എക്സ് പ്ളാറ്റ് ഫോമില്‍(ട്വിറ്റര്‍) കൂടിയാണ് അപൂര്‍വ്വ ചിത്രം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടത്.

ചന്ദ്രനില്‍ രാത്രി തുടങ്ങിയതോടെ ലാൻഡറും റോവറും ഉറക്കത്തിലാണ്. സെപ്തംബര്‍ 22നാണ് ഇനി സൂര്യനുദിക്കുക. അപ്പോള്‍ സോളാര്‍ വൈദ്യുതി ഉല്പാദിപ്പിച്ച്‌ ലാൻഡറും റോവറും പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ, രാത്രിയില്‍ മൈനസ് 200 ഡിഗ്രിയില്‍ താഴെയാവുന്ന തണുപ്പിനെ അതിജീവിക്കുമോയെന്ന് ആശങ്കയുണ്ട്