ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയതിനെതിരെ വിമര്‍ശനം. ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. സെപ്തംബര്‍ ഒമ്ബതിനും പത്തിനുമായി പ്രഗതി മെെതാനിയിലെ ഇന്റര്‍നാഷണല്‍ എക്സിബിഷൻ ആൻഡ് കണ്വെൻഷൻ സെന്ററിലെ ഭാരത മണ്ഡപത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അത്താഴവിരുന്നാണ് ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് നടക്കുന്നത്. ഇതിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തിലാണ് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപണവുമായി രംഗത്തെത്തി. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളില്‍ ‘ഭാരതം, ഇന്ത്യയായിരുന്ന സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്ന് വായിക്കാമെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. യൂണിയൻ ഓഫ് സ്റ്റേറ്റ്സ് പോലും ഇപ്പോള്‍ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.