കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
alternatetext

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ആദ്യ അറസ്റ്റാണ് കഴിഞ്ഞ ദിവസം ഇ.ഡി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വിശദമായി ചോദ്യംചെയ്തതിനു പിന്നാലെയാണ് സതീഷ് കുമാറിന്‍റെയും പി.പി കിരണിന്‍റെയും അറസ്റ്റ് നടന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കൊച്ചി പി.എം.എല്‍.എ കോടതിയില്‍ ഹാജരാക്കും. മുൻമന്ത്രി എ.സി മൊയ്തീന്‍റെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന സതീഷ് കുമാര്‍, ബാങ്കിലെ മുൻ ജീവനക്കാരന്‍ പി.പി കിരണ്‍ എന്നിവരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ചോദ്യംചെയ്യലിനു ഹാജരാകാൻ എ.സി മൊയ്തീനു വീണ്ടും നോട്ടിസ് അയക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. തട്ടിപ്പില്‍ കിരണ്‍ ഇടനിലക്കാരനാണെന്നാണ് ഇ.ഡി പറയുന്നത്. തട്ടിയെടുത്ത ലോണുകള്‍ കൈകാര്യം ചെയ്തതും തട്ടിപ്പിനു നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും സതീഷ് കുമാര്‍ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. പല പ്രാദേശിക സി.പി.എം നേതാക്കളുമായി സതീഷ് കുമാറിന് അടുത്ത ബന്ധമാണുള്ളതെന്നും ഇ.ഡി പറയുന്നു. വരുംദിവസങ്ങളില്‍ ഇവരെയും ചോദ്യംചെയ്യും.

ബാങ്കിലെ മുൻ ജീവനക്കാരനായ പി.പി കിരണ്‍ 14 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും സൂചനയുണ്ട്. അതിനിടെ രണ്ടു തവണ നോട്ടിസ് നല്‍കിയിട്ടും ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന എ.സി മൊയ്തീന് വീണ്ടും നോട്ടിസ് അയക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ മുന്‍ മന്ത്രിക്കു സാവകാശം നല്‍കേണ്ടതില്ലെന്നാണ് ഇ.ഡിയുടെ നിലപാട്