ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെ രാജ്യത്തെ പൗരന്‍മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അവയെല്ലാം തള്ളിക്കൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ചില സംസ്‌ഥാനങ്ങളില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വൈകിപ്പിച്ച് അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും താക്കൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വെകിപ്പിക്കുന്നതും സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം മാധ്യമ സൃഷ്‌ടി മാത്രമാണെന്നും ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനായി രൂപവത്‌കരിച്ച സമിതിയില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്‌ജന്‍ ചൗധരി ഭാഗമാകണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. പ്രതിപക്ഷ ശബ്‌ദത്തെ കൂടി ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ ഹൃദയവിശാലതയെയാണ് കാണിക്കുന്നതെന്നും താക്കൂര്‍ അഭിപ്രായപ്പെട്ടു