നിലവിലുള്ള ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടോയെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ വിഭജനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുമാറ്റി കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് താല്‍കാലികമായാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
കശ്മീരിന്റെ സംസ്ഥാനപദവി തിരികെ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതി ഭരണഘടന ബെഞ്ചിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് അറിയിച്ചത്. എപ്പോള് വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറാണെന്നും വോട്ടര് പട്ടിക പരിഷ്കരിക്കല് ഏറെക്കുറെ പൂര്ത്തിയായെന്നും കേന്ദ്രസര്ക്കാര് സുപ്രീംകോടതിയില് അറിയിച്ചു.
അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോകുന്നുവെന്നും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആദ്യം നടക്കുമെന്നും കേന്ദ്ര സര്ക്കാര് സുപ്രീംകോടതിയില് നിലപാട് അറിയിച്ചു.എന്നാല് സംസ്ഥാന പദവി തിരികെ നല്കുന്നതിന് കുറച്ചുകൂടി സമയമെടുക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.