കോതമംഗലം: നെല്ലിക്കുഴി ഗ്രീൻവാലി പബ്ലിക് സ്കൂളിലെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത നൂറോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആഘോഷ പരിപാടികളിൽ സ്കൂളിൽ നിന്നും പായസം കഴിച്ച ശേഷം വീട്ടിലെത്തിയപ്പോളാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം വരെ നിരവധി കുട്ടികളാണ് കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയത്.
സ്കൂളിലെ കുടിവെള്ള സ്രോതസ്സായ കുഴൽക്കിണറിൽ നിന്നും ലഭിക്കുന്ന വെള്ളം ശുദ്ധമല്ല എന്ന് കുട്ടികളും രക്ഷിതാക്കളും പറയുന്നു. ഇതിന് മുമ്പും സ്കൂളിനു കളങ്കമാവുന്ന തരത്തിലുള്ള പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഭരണസ്വാധീനമുള്ള മാനേജ്മെന്റ് അതെല്ലാം ഒതുക്കിത്തീർക്കുക ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.