കോതമംഗലം : ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിയുടെ ഉപയോഗവും, വിൽപ്പനയും ധാരാളമാകുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി.
ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ ഷുഗറും ബുപ്രിനോർപ്പിൻ, ക്ലോണാസൈപ്പാം എന്നീ നിരോധിത ലഹരി ഗുളികളുമായി പിടിയിലായത്. അയ്യായിരത്തോളം രൂപ വിലവരുന്ന ബ്രൗൺഷുഗർ 20 ഡപ്പികളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല്ലാരിമംഗലം അടിവാട് മേഖലയിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ തുടർച്ചയായിട്ടാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
നിരോധിത മയക്കുമരുന്നുകളുടെ വിഭാഗത്തിൽപ്പെട്ട ഈ ഗുളികകൾ ഡോക്ടറുടെ പ്രസ്ക്രിപ്ഷനോടുകൂടി മാത്രമേ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുകയുള്ളൂ.