തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയം രാജ്യത്തിന് മുഴുവൻ അഭിമാനമെന്ന് ഐഎസ്ആര്‍ഒ ചെയര്മാൻ എസ് സോമനാഥ്. ശുക്രനും ചൊവ്വയുമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റോവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദ്രയാൻ മൂന്ന് നല്കുന്ന കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ ചെയര്മാൻ.
വന്‍ സ്വീകരണമാണ് സോമനാഥിന് തിരുവനനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയത്. ബെംഗളൂരുവില്‍ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ‘ചന്ദ്രയാൻ എന്നത് ഞങ്ങളെ സംബന്ധിച്ചോളം സോഫ്റ്റ് ലാൻഡിങ് മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളും 100 ശതമാനം വിജയകരമാണ്. രാജ്യം മുഴുവൻ ഇതില്‍ അഭിമാനിക്കുന്നു. അതിന്റെ ഭാഗമായതില്‍ സന്തോഷം. നമുക്ക് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെല്ലാം യാത്ര ചെയ്യാനുള്ള കഴിവുണ്ട്. അതിനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കണം, ഇൻവെസ്റ്റ്മെന്റ് കൂടണം, സ്പേസ് സെക്ടര്‍ വലുതാകണം, രാജ്യത്തിന് കൂടുതല്‍ പുരോഗതിയുണ്ടാകണം. ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യം.
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എല്‍-1’ വിക്ഷേപണം സെപ്റ്റംബര്‍ ആദ്യവാരമുണ്ടാകുമെന്നും രണ്ടു ദിവസത്തിനുള്ള വിക്ഷേപണ ദിവസം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റ് റെഡിയായി കഴിഞ്ഞു. വിക്ഷേപണത്തിന് ശേഷം 125 ദിവസമെടുക്കും ലക്ഷ്യത്തിലെത്താന്‍. ഗഗന്‍യാന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി സോമനാഥ് വ്യക്തമാക്കി.
ജപ്പാനുമായി ലൂപ്പക്സിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ് എന്നും ചന്ദ്രയാന്റെ വിജയം അതിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡറിന്റെയും റോവറിന്റെയും കൂടുതല്‍ ചിത്രങ്ങള്‍ ശാസ്ത്രപഠനങ്ങള്‍ക്ക് ശേഷം പുറത്തുവിടും. ചന്ദ്രയാന്‍ 4,5,6 നടത്തണമെന്ന് ആഗ്രഹമുണ്ട്. ചെലവ് കുറച്ചുകൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.