കൊച്ചി: മാസപ്പടി വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് പിണറായി വിജയനെന്ന് സുധാകരന് പരിഹസിച്ചു. മാസപ്പടിയില്‍ മകള്‍ക്കെതിരേ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പോലും വിവാദങ്ങളില്‍ പ്രതികരിച്ചില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി.
വാ തുറന്നാല്‍ കള്ളം മാത്രം പറയുന്ന പാര്‍ട്ടിയായ സിപിഎം കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുടുങ്ങിപ്പോയെന്നും സുധാകരന് വിമര്‍ശിച്ചു. കരുവന്നൂരില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതില്‍ എ.സി. മൊയ്തീനെ പ്രതിയായി ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായാണ് ഇതിന്റെ വസ്തുനിഷ്ടമായ കാര്യങ്ങള്‍ പുറത്തുവന്നതെന്നും ഇക്കാര്യത്തില്‍ ഇഡി അന്വേഷണം പുരോഗമിക്കട്ടെയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.