മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിര്‍ദേശം നല്‍കി

മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിര്‍ദേശം നല്‍കി
alternatetext

വയനാട്: മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. വയനാട് മാനന്തവാടിയിലെ ജീപ്പ് അപകടത്തിന്‍റെയും അപകടത്തില്‍ മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നാടിനെയാകെ നടുക്കിയ അപകടത്തില്‍ 9 പേര്‍ക്കാണ് ജീവൻ നഷ്ടമായത്.

അപകടത്തില്‍ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ ഡ്രൈവര്‍ മണികണ്ഠൻ ഉള്‍പ്പെടെ 3 പേരുടെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് വിവരം. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത കൂട്ടിയത്. ചിത്ര, ശോഭന, കാര്‍ത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി തുടങ്ങിയവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹന സുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്

പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാൻ ആവശ്യമെങ്കില്‍ കൂടുതല്‍ ഫോറൻസിക് സര്‍ജൻമാരുടെ സേവനം ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.