ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഒരേസമയം രണ്ടു വിമാനങ്ങള്‍ ഒരു റണ്‍വേയിലെത്തി. എയര്‍ട്രാഫിക് കണ്‍ട്രോളില്‍ ഈ വിവരം ഒരു വിമാനത്തിലെ പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്ന് വൻ ദുരന്തം ഒഴിവായി.
അഹമ്മദാബാദില്‍നിന്ന് എത്തിയ വിസ്താര വിമാനത്തിലെ പൈലറ്റിന് ബഗ്ദോഗ്രയിലേക്കുള്ള വിസ്താര വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്‍വേ ഉപയോഗിക്കാൻ അനുമതി നല്‍കിയതാണ് ആശങ്കയ്ക്കു കാരണമായത്. അഹമ്മദാബാദ് വിമാനത്തിലെ പൈലറ്റ് മറ്റൊരു വിമാനത്തെ ആ റണ്‍വേയില്‍ കണ്ടതിനെത്തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് തെറ്റായി വിവരം നല്‍കിയതാണ് ആശങ്കയ്ക്കു കാരണമായത്. ഇരു വിമാനത്തിലുമായി മുന്നൂറോളം യാത്രക്കാരുണ്ടായിരുന്നു.
എയര്‍ട്രാഫിക് കണ്‍ട്രോളിന് (എ.ടി.സി) സംഭവിച്ച പിഴവാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡി.ജി.സി.എ അന്വേഷണം തുടങ്ങി. പിഴവ് വരുത്തിയതിന് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് മാറ്റിനിറുത്തി.
ഇന്നലെ രാവിലെയായിരുന്നു സംഭവം. അഹമ്മദാബാദില്‍ നിന്നു വന്ന വിസ്താര വിമാനം ലാൻഡിംഗ് പൂര്‍ത്തിയാക്കുന്നതിനിടെ ബാഗ്‌ദോഗ്രയിലേക്കുള്ള വിസ്‌താര വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നല്‍കി. ഈ വിമാനം മുന്നോട്ടു നീങ്ങുകയും ചെയ്‌തു. അഹമ്മദാബാദ്- ഡല്‍ഹി വിമാനത്തിലെ വനിതാ പൈലറ്റ് സോനു ഗില്‍ ഉടനെ എ.ടി.സിയില്‍ അറിയിക്കുകയായിരുന്നു. പിഴവു മനസിലാക്കിയ എ.ടി.സി ഉദ്യോഗസ്ഥൻ ഉടൻ ബാഗ്‌ദോഗ്ര വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു.
മറിച്ചായിരുന്നെങ്കില്‍ ഇരുവിമാനങ്ങളും കൂട്ടിയിടിക്കുമായിരുന്നു. ടേക്ക് ഓഫ് റദ്ദാക്കിയ വിമാനം റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് ബേയിലേക്ക് മടങ്ങി. ഇന്ധനവും നിറച്ച് ബ്രേക്ക് പരിശോധനകളും മറ്റും പൂര്‍ത്തിയാക്കിയ ശേഷമാണ് പുറപ്പെട്ടത്.