ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി

ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി
alternatetext

ബെംഗളൂരു:∙ ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ . ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ എക്സ്‌ പ്ലാറ്റ്ഫോമിൽ കുറിച്ചു.

ചരിത്രനേട്ടം വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിങ് തത്മസയം വെർച്വലായി കണ്ടു.

ബെംഗളൂരുവിലെ ഐ എസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിനു (ഇസ്ട്രാക്) കീഴിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലാണ് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങൾ ഉൾപ്പെടെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലെ ഗവേഷകർ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനം.

ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് ലാൻഡറിനെ എത്തിക്കുന്നതായിരുന്നു ആദ്യപടി. അവിടെവച്ച് പവേഡ് ബ്രേക്കിങ് ഘട്ടത്തിലേക്ക് എത്തി നാല് ത്രസ്റ്റർ എൻജിനുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചു. റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരം, വിപരീത ദിശയിലേക്ക് റോക്കറ്റ് പ്രവർത്തിച്ചു. അതോടെ ലാൻഡറിന്റെ വേഗം കുറഞ്ഞു. പതിയെപ്പതിയെ ഇത്തരത്തിൽ വേഗം കുറച്ചുകൊണ്ടു വന്നു. ചന്ദ്രന്റെ ഗുരുത്വാകർഷണബലം അതിന്റെ എല്ലാ ശക്തിയോടെയും പേടകത്തിനു നേരെ പ്രയോഗിക്കപ്പെട്ടത് ഈ സമയത്താണ്.

എന്നാൽ എൻജിനുകൾ കൃത്യമായ ആനുപാതത്തിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചുകൊണ്ടേയിരുന്നു. അതുവരെ ചന്ദ്രോപരിതലത്തിനു തിരശ്ചീനമായി (horizontal) സ‍ഞ്ചരിച്ചിരുന്ന പേടകം ഇതിനോടകം ലംബമായി (vertical) സഞ്ചരിക്കാൻ ആരംഭിച്ചു. ഈ ഒരു ഘട്ടത്തിലായിരുന്നു ചന്ദ്രയാൻ 2 പാളിയതും നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കിയതും. അതിനാൽത്തന്നെ അതീവസൂക്ഷ്മതയോടെയാണ് ഇത്തവണ വേഗനിയന്ത്രണം.

6.8 കിലോമീറ്റർ ഉയരത്തിലേക്കു പേടകത്തെ എത്തിച്ചതോടെ രണ്ട് എൻജിനുകളുടെ പ്രവർത്തനം നിർത്തിവച്ചു. നിയന്ത്രണം നഷ്ടപ്പെടാതെ താഴേക്ക് പതിയെപ്പതിയെ പേടകം വരാൻ തുടങ്ങി. ചന്ദ്രോപരിതലത്തിന് 150–100 മീറ്റർ ഉയരെ വരെയെത്തി. അവിടെവച്ചാണ് ചന്ദ്രോപരിതലം സ്കാൻ ചെയ്യാനുള്ള ക്യാമറകളും സെൻസറുകളും പ്രവർത്തിക്കാൻ തുടങ്ങിയത്. ലാൻഡിങ്ങിനായുള്ള സ്ഥലത്ത് എന്തെങ്കിലും തടസ്സങ്ങളോ കുന്നോ കുഴിയോ ചെരിവോ ഉണ്ടോയെന്നെല്ലാം പരിശോധിച്ചു. സുരക്ഷിതമായ ലാൻഡിങ് സ്ഥലം കണ്ടെത്തി അവിടേക്ക് നാലു കാലിൽ സോഫ്റ്റ് ലാൻഡിങ് നടത്തി