തൃശൂര്‍: മുൻ മന്ത്രിയും സിപിഎം നേതാവും എംഎല്‍എയുമായ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടികളുമായി ഇഡി. രണ്ട് ബാങ്കുകളില്‍ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മച്ചാട് സര്‍വീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് ഇഡി മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ഉടൻ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമൻസ് അയക്കുന്നതില്‍ ഇന്ന് തീരുമാനമെടുക്കും.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം വീട്ടില്‍ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചിരുന്നു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ പ്രതികരണം.
22 മണിക്കൂര്‍ മാധ്യമങ്ങള്‍ തന്റെ വീടിന് മുന്നില്‍ കാത്ത് നിന്നില്ലേ, അതായിരുന്നു അജണ്ട എന്ന് അദ്ദേഹം പ്രതികരിച്ചു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് താൻ ആര്‍ക്കോ വായ്പ ലഭിക്കാൻ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.