തിരുവനന്തപുരം ധ്രുവരഹസ്യങ്ങള്‍ തേടി ചാന്ദ്രയാൻ 3 ബുധൻ വൈകിട്ട് 6.04ന് ചന്ദ്രനില്‍ സോഫ്റ്റ്ലാൻഡ് ചെയ്യും. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗര്‍ത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ്. വൈകിട്ട് 5.47 മുതല്‍ ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിക്കും. മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്തേക്ക് എത്തുമ്ബോഴായിരിക്കുമിത്.
രണ്ടു ദ്രവ എൻജിൻ 11 മിനിറ്റ് തുടര്‍ച്ചയായി ജ്വലിപ്പിച്ചാകും റഫ് ബ്രേക്കിങ് ഘട്ടം പൂര്‍ത്തീകരിക്കുക. ഇതോടെ അതിവേഗം നിയന്ത്രണവിധേയമായി പേടകം 6–-7 കിലോമീറ്റര്‍ അടുത്തെത്തും. തുടര്‍ന്ന് മൂന്നു മിനിറ്റുള്ള ഫൈൻ ബ്രേക്കിങ് ഘട്ടത്തിനൊടുവില്‍ ചരിഞ്ഞെത്തുന്ന പേടകത്തെ കുത്തനെയാക്കും. 800 മീറ്റര്‍ മുകളില്‍നിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാൻഡര്‍ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാൻഡിങ്ങിന് നീങ്ങും.
സെൻസറുകളുടെയും കാമറകളുടെയും സഹായത്താല്‍ അപകടം തിരിച്ചറിഞ്ഞ് മറ്റൊരു സ്ഥലത്ത് ഇറങ്ങാനുമാകും. സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ് അത്യന്തം ‘ഉദ്വേഗജനക’മായിരിക്കും. എന്തും സംഭവിക്കാവുന്ന അവസ്ഥ. പൂര്‍ണമായും സ്വയംനിയന്ത്രിത സംവിധാനത്തിലാകും ഈ സമയം പേടകം പ്രവര്‍ത്തിക്കുക. നേരത്തേ പേടകത്തിലേക്ക് അപ്ലോഡ് ചെയ്ത കമാൻഡുകളും മറ്റു മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാകുമിത്.
ലാൻഡിങ്ങിന് നാലു മണിക്കൂര്മുമ്ബുവരെ അപ്ലോഡിങ് തുടരും. പൊടിപടലം ഉയരുന്നത് പേടകത്തെ ബാധിക്കാതിരിക്കാൻ മുൻകരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഭൂഗുരുത്വാകര്ഷണത്തിലെ സങ്കീര്‍ണതയും ഗൗരവമായി കാണുന്നുണ്ട്. ദൗത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്മാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. സോഫ്റ്റ് ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായിട്ടുണ്ട്. ലാൻഡര്‍, റോവര്‍ എന്നിവയിലെ ഉപകരണങ്ങളും സോഫ്റ്റ്വെയര് സംവിധാനങ്ങളുമെല്ലാം സുസജ്ജമാണ് സോമനാഥ് പറഞ്ഞു.