കൊച്ചി : അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസിലെ പ്രതികളായ പി ജയരാജനും ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയില്‍. കൊലപാതകത്തില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
28 മുതല്‍ 33 വരെ പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആവശ്യപ്പെടുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്നതില്‍ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ, ടി വി ജേഷ് തുടങ്ങിയവര്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതിനെതിരെയാണ് ഷുക്കൂറിന്റെ കുടുംബത്തിന്റെ ഹര്‍ജി.
വിടുതല്‍ കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയില്‍ അറിയിച്ചു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21നാണ് എറണാകുളം സിബിഐ സ്പെഷ്യല്‍ കോടതി പരിഗണിക്കുക.