മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ അഴിമതി ആരോപണങ്ങളില്‍ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം: കെ സുധാകരൻ

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ അഴിമതി ആരോപണങ്ങളില്‍ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം: കെ സുധാകരൻ
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ അഴിമതി ആരോപണങ്ങളില്‍ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആക്ഷേപങ്ങളില്‍ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടെല്ലുണ്ടെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാവണം. മാസപ്പടി ഉന്നയിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ്‌ പിന്നോട്ട് പോയിട്ടില്ല. പാര്‍ട്ടി ഫണ്ട്‌ വേണ്ട എന്നത് വി.എം സുധീരന്റെ മാത്രം കാഴ്ചപ്പാടാണ്. ബിജെപിയുടെ അഴിമതി പണത്തിന് സിപിഐഎമ്മും സിപിഐഎമ്മിന്റെ അഴിമതി പണത്തിനു ബിജെപിയും കാവലിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തില്‍ പറയാനുള്ളതൊക്കെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. അതിന് മരുന്ന് കഴിക്കുകയൊ വ്യായാമം ചെയ്യുകയോ ആണ് വേണ്ടത്.

ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ചു കാര്യങ്ങള്‍ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ വിവരങ്ങള്‍ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. ഇവയെല്ലാം സുതാര്യമാണ്. ആരോപണങ്ങളില്‍ മിണ്ടിയാലും മിണ്ടിയില്ലേലും വാര്‍ത്തയാക്കുകയാണെന്നും ചിലര്‍ക്ക് എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത് ദഹിക്കാത്ത പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.