ആലപ്പുഴ: എ.ഐ.സി.സി. വര്‍ക്കിങ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വസതിയില്‍ മോഷണം.ജനല്‍ക്കമ്ബികള്‍ ഇളക്കിമാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ ചെക്ക് ലീഫ്, ലെറ്റര്‍ പാഡുകള്‍ എന്നിവ കവര്‍ന്നു.
ഓഫീസ് മുറിയിലേതുള്പ്പടെയുള്ള അലരമാരകളിലെ ഫയലുകളും അലങ്കോലമാക്കിയ നിലയിലായിരുന്നു. ഓഫീസ് ജീവനക്കാരനായ അജ്മല്‍ ഇന്നലെ രാവിലെ പതിനൊന്നോടെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 17-നു രാത്രി 11.30വരെ അജ്മല്‍ വീട്ടിലുണ്ടായിരുന്നു. അതിനുശേഷമാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ ജനല്ക്കമ്ബികളാണ് മോഷ്ടാക്കള്‍ ഇളക്കിമാറ്റിയത്. പോലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ആലപ്പുഴ നഗരസഭാ പരിധിയിലെ പഴവീട്ടിലാണ് വേണുഗോപാലിന്റെ വസതി. ഇതിനുസമീപമുള്ള രണ്ടു വീടുകളില്‍ അടുത്തിടെ മോഷണം നടന്നിരുന്നു. പകല്‍ സമയത്ത് വീട്ടമ്മയുടെ കഴുത്തില്‍ കയര്‍മുറുക്കി നാലരപവന്റെ സ്വര്‍ണം കവര്‍ന്ന സംഭവത്തിനു പിന്നാലെ മറ്റൊരുവീട്ടില്‍ നിന്ന് 20 പവന് സ്വര്‍ണം മോഷണം പോയിരുന്നു. രണ്ടുകേസുകളിലും പോലീസിന് ഇതുവരെയും പ്രതികളെ പിടികൂടാനായിട്ടില്ല.